ശൈത്യകാല രോഗങ്ങളിൽ ഏറ്റവും വില്ലൻ പകർച്ച പനിയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായേക്കാവുന്ന രോഗമാണിത്.
ലക്ഷണങ്ങൾ
കടുത്ത പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, സന്ധിവേദന, ചുമ, തലവേദന, തളർച്ച എന്നിവയാണ് പ്രധാനരോഗ ലക്ഷണങ്ങൾ.
ആർക്കൊക്കെ വരാം
അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, ആസ്മ, ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് വരാൻ സാധ്യത കൂടുതലാണ്.
പ്രതിരോധ മാർഗം
പകർച്ചപ്പനിപ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് പ്രധാനപ്രതിരോധ മാർഗ്ഗം. കൂടാതെ മാസ്ക് ധരിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക തുടങ്ങിയ മുൻകരുതലുകളും എടുക്കാം.
തണുപ്പ് കാലത്തെ അലർജി
തണുപ്പ് കാലത്ത് അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്ന ചിലതരം പൂമ്പൊടികൾ ചിലരിൽ സൃഷ്ടിക്കുന്ന അസ്വസ്ഥത വളരെ വലുതാണ്. അനേകം വൃക്ഷലതാദികൾ പൂവിടുന്നതും പരാഗണം നടത്തുന്നതും തണുത്ത കാലാവസ്ഥയിലാണ്. പരാഗണത്തിലൂടെ അന്തരീക്ഷത്തിൽ പടരുന്ന പൂമ്പൊടികൾ കാറ്റിലൂടെ നമ്മുടെ മൂക്കിലും എത്തും. ഇതുമൂലം ഉണ്ടാകുന്ന അലർജി ചിലരിൽ ശ്വാസോച്ഛ്വാസത്തിന് തടസ്സം വരെ ഉണ്ടാക്കാം.
അലർജിയുടെ ഭാഗമായി സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങളാണ് തുമ്മൽ, ജലദോഷം, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവ.ഇത് ആദ്യഘട്ടത്തിൽ പെടുന്നതാണ്. അടുത്തഘട്ടം ആകുമ്പോഴേക്കും മൂക്കിന്റെ അകത്തെ തൊലിയിൽ നീര് കെട്ടുന്ന അവസ്ഥയാകും. ഇത് സൈനസ് ഇൻഫെക്ഷന് കാരണമാകും. ഈ ഘട്ടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അലർജിക്ക് ചികിത്സ തേടണം. ചികിത്സിക്കാതിരുന്നാൽ അത് മൂക്കിനുള്ളിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻതന്നെ വൈദ്യസഹായം തേടണം