പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി 38,000 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ അടിസ്ഥാന സൗകര്യവികസനം, ഗതാഗതം, ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഒന്നിലധികം പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
അന്ധേരിയിലെ ഗുണ്ടാവലി മെട്രോ സ്റ്റേഷനില്‍ നിന്ന് മുംബൈ മെട്രോ 2എ, 7 എന്നിവയുടെ രണ്ട് ലൈനുകള്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. സ്റ്റേഷനില്‍ നിന്ന് മെട്രോ യാത്രയും മോദി നടത്തും. ഏകദേശം 12,600 കോടി രൂപമുടക്കിയാണ് രണ്ട് ലൈനുകളും നിര്‍മ്മിച്ചത്. ഇതുകൂടാതെ, യാത്രാസൗകര്യം സുഗമമാക്കുന്ന മുംബൈ 1 മൊബൈല്‍ ആപ്പ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (മുംബൈ 1) എന്നിവയും അദ്ദേഹം പുറത്തിറക്കും. മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളില്‍ ഈ മൊബൈല്‍ ആപ്പ് കാണിച്ച് യുപിഐ വഴി ടിക്കറ്റ് വാങ്ങുന്നതിനുള്ള ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യവുമുണ്ടാകും.