സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന തെക്കൻ പെറുവിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ സൈനിക മുന്നേറ്റത്തിൽ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പ്രതിഷേധക്കാർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഡിസംബറിൽ ആരംഭിച്ച പ്രതിഷേധത്തിൽ ഇതുവരെ 34 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. പെറുവില്‍ പ്രസിഡന്റായിരുന്ന പെഡ്രോ കാസറ്റിലോയെ പുറത്താക്കുകയും അറസറ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഡിസംബര്‍ ആദ്യം പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് പ്രതിഷേധം പുനരാരംഭിച്ചത്. മുൻ പ്രസിഡന്റ് പേഡ്രോ കാസ്റ്റിലോയുടെ മോചനത്തിന് പുറമെ പുതിയ പ്രസിഡന്റ് ആയ ദിനാ ബൊലുവാർത്തെയുടെ രാജി,ഭരണഘടനയിൽ മാറ്റം വരുത്തുക, പുതിയ തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളെ മുൻനിർത്തിയാണ് പ്രതിഷേധക്കാർ സമരം തുടരുന്നത്. അതേസമയം റോഡുകളും മറ്റു ഗതാഗത മാർഗ്ഗങ്ങളും തടസ്സപ്പെടുത്തിയുള്ള ജനങ്ങളുടെ പ്രതിഷേധം രാജ്യത്തെ അവശ്യവസ്തുക്കളുടെ പോലും വില ഉയരുന്നതിന് കാരണമായതായാണ് റിപ്പോർട്ട്.