ശബരിമല അരവണയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏലക്കയിൽ കീടനാശിനിയുടെ അംശമടങ്ങിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരം ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. പരിശോധനാ റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതോടൊപ്പം തന്നെ ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ കരാര്‍ നല്‍കിയതും കോടതിയുടെ പരിഗണനയില്‍ വരും. നിലവില്‍ പമ്പയിലെ ഭക്ഷ്യസുരക്ഷാ ലബോറട്ടറിയില്‍ പരിശോധിച്ച ശേഷം ഗുണനിലവാരമുള്ള ഏലക്ക മാത്രമാണ് സന്നിധാനത്തേക്ക് അയക്കുന്നത്. മുമ്പ് കേരള ഫോറസ്റ്റ് ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ ഗവിയിലെ തോട്ടത്തിൽ നിന്നാണ് അരവണക്കുള്ള ഏലം എത്തിച്ചിരുന്നത്.