ചണ്ഡീഗഡ്: വനിതാ കോച്ചിനെ ലൈംഗികപരമായി പീഡിപ്പിച്ചു എന്ന ആരോപണം ഉയർന്നതിന് പിന്നാലെ ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവച്ചു. യുവഅത്‌ലറ്റിക് പരിശീലകയാണ് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ കൂടിയായ സന്ദീപ് സിംഗിനെതിരെ പരാതി ഉന്നയിച്ചത്. നാഷണൽ ഗെയിം സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു വെന്നും അവിടെവച്ച് പീഡിപ്പിച്ചു എന്നുമാണ് പരാതി. ജിമ്മിൽ വച്ച് പരിചയപ്പെട്ട തന്നെ ഇൻസ്റ്റഗ്രാമിലൂടെ ആണ് സന്ദീപ് ബന്ധപ്പെട്ടിരുന്നത്തെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ആരോപണങ്ങൾ തള്ളിയ സന്ദീപ് താൻ ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് രാജി വയ്ക്കുന്നതെന്ന് പ്രതികരിച്ചു. ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ ഓഫീസിൽ വച്ച് വാർത്താ സമ്മേളനം നടത്തിയാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സമാനമായ രീതിയിൽ മറ്റു വനിതാ കായിക താരങ്ങളെയും സന്ദീപ് സിംഗ് ആക്രമിച്ചിട്ടുള്ളതായി പരാതിക്കാരി ആരോപിച്ചു. സംഭവത്തിൽ ചണ്ഡിഗഡ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.