തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ സമരം അവസാനിച്ചെങ്കിലും മേയർ ആര്യ രാജേന്ദ്രന്റെ സമീപനത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. കത്ത് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടയിൽ വിവാദ പരാമർശം നടത്തിയ ഡി ആർ അനിലിന്റെ രാജിയിലൂടെ പ്രതിപക്ഷ സമരനടപടികൾ അവസാനിച്ചെങ്കിലും മേയറുടെ കാര്യത്തിൽ കോടതിവിധി അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാം എന്ന് ചർച്ച സമ്മതിച്ചത് പാർട്ടിക്ക് ഉണ്ടായ അതൃപ്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മന്ത്രിമാരായ എം. ബി.രാജേഷ്,വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഒന്നാംഘട്ട ചർച്ചയും രണ്ടാംഘട്ട ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് അനിലിനെ രാജിവെപ്പിച്ചു കൊണ്ട് പ്രതിപക്ഷ സമരം അവസാനിപ്പിക്കാൻ സിപിഎം തയ്യാറായത്.
തിരുവനന്തപുരത്ത് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നാണ് കോർപ്പറേഷന്റെ കത്ത് വിവാദം. രണ്ടു മന്ത്രിമാർ ഉൾപ്പെട്ട ചർച്ച രണ്ട് വട്ടവും പരാജയപ്പെട്ടിരുന്നു. മൂന്നാംഘട്ട ചർച്ചയും പരാജയപ്പെട്ടാൽ യുഡിഎഫ് ബിജെപി തുടങ്ങിയവർ സമരവുമായി മുന്നോട്ടുപോകുമെന്നും അങ്ങനെ പോയാൽ അത് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നും മനസ്സിലാക്കിയാണ് സിപിഎം പുതിയൊരു നീക്കത്തിന് തയ്യാറായത്. ജനുവരി 6ന് നഗരസഭവളയലും ജനുവരി 7ന് നഗരസഭ പരിധിയിൽ ഹർത്താലും ബിജെപി പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഡി. അനിലിനെ രാജിവെപ്പിച്ചുകൊണ്ട് സിപിഎം പ്രതിപക്ഷ സമരം അവസാനിപ്പിക്കുന്നത്. മേരുടെ രാജി സമവായത്തിൽ എത്താത്തതാണ് ആദ്യ രണ്ട് ചർച്ചകളുടെയും പരാജയകാരണം. മൂന്നാമത് ഒരു ചർച്ച കൂടി പരാജയപ്പെട്ടാൽ സിപിഎമ്മിന് ഉണ്ടായേക്കാവുന്ന പ്രതിസന്ധി മുന്നിൽകണ്ടാണ് മേയറുടെ കാര്യത്തിൽ കോടതിവിധി അനുസരിച്ച് തീരുമാനമെടുക്കാമെന്ന് സമവായ ചർച്ചയിൽ സമ്മതിച്ചത്. മേയറുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളിൽ പാർട്ടിക്ക് മതിപ്പ് ഉണ്ടെങ്കിലും മേയറുടെ പേരിൽ ഉണ്ടായ കത്ത് വിവാദം പാർട്ടിയിൽ അതൃപ്‌തി ഉണ്ടാക്കിയിട്ടുണ്ട്. 56 ദിവസം നീണ്ട സമരം തുടരുന്നത് ജനവികാരം പാർട്ടിക്കെതിരായിതിരിക്കുമെന്ന് സിപിഎം തിരിച്ചറിഞ്ഞിരുന്നു. നാൾക്ക് നാൾ സമരം ശക്തിപ്പെട്ടതോടെയാണ് സർക്കാർ ചർച്ചയ്ക്ക് നിർബന്ധിതമായത്.