ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെൻ അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ യുഎന്‍ മേത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവർ. മാതാവിൻ്റെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയിൽ നിന്നും അഹമ്മദാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒൻപതരയോടെ സംസ്കാരചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു. നൂറാം വയസ്സിൽ ആണ് ഹീരാ ബെൻ വിടപറയുന്നത്.
മാതാവിൻ്റെ ആത്മശാന്തിക്കായി എല്ലാവരുടേയും പ്രാർത്ഥനയുണ്ടാവണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
തങ്ങളുടെ മാതാവിൻ്റെ വിയോഗവാർത്തയിൽ അനുശോചിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തവർക്ക് കുടുംബം നന്ദിയിറയിച്ചു. ഗാന്ധിനഗറിലെ നയ്സൻ ഗ്രാമത്തിൽ പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയോടൊപ്പമാണ് ഹീരാ ബെൻ കഴിഞ്ഞിരുന്നത്. തിരക്കുകൾക്കിടയിലും ഗ്രാമത്തിലെത്തി അമ്മയെ കാണാൻ മോദി സമയം കണ്ടെത്തുമായിരുന്നു. ‘മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നു’ എന്നാണ് മോദി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചത്.