ഐസിഐസിഐ വായ്പാ തട്ടിപ്പുകേസിൽ വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ മുൻബാങ്ക് സിഇഒയും എംഡിയുമായ ചന്ദാ മേധാവിയായിരിക്കെ വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ അനധികൃതമായി നൽകിയെന്ന കേസിലാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്. മൂന്ന് ദിവസങ്ങൾക്കു മുൻപ് ചന്ദാകൊച്ചാറിനെയും ഭർത്താവായ ദീപക് കൊച്ചാറിനെയും സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു. മുംബൈ കോടതിയിൽ ഹാജരാക്കിയ ഇവരെ സിബിഐ ചോദ്യം ചെയ്തുവരികയാണ്.
വീഡിയോകോൺ ഗ്രൂപ്പിന് വായ്പ നൽകിയതുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയെന്ന വകുപ്പിലാണ് ഇവരെ സിബിഐ അറസ്റ്റ് ചെയ്തത്. 2009 നും 2011നും ഇടയിലാണ് വീഡിയോകോണിന് ഐസിഐസിഐ വായ്പ അനുവദിച്ചത്. ഇത് ബാങ്കിന്റെ വ്യവസ്ഥകൾ പാലിക്കാതെയായിരുന്നെന്നും ചന്ദകൊച്ചാർ ബാങ്കിനെ അനുകൂലിച്ച് നിലപാടെടുത്തു എന്നുമാണ് ആരോപണം. ഇതിനെതുടർന്ന് ചന്ദകൊച്ചാർ ബാങ്കിന്റെ സിഇഒ സ്ഥാനം രാജി വയ്ക്കുകയായിരുന്നു. പിന്നാലെ എൻഫോഴ്സ്‌മെന്റ് ഇവരുടെ വീടും ഓഫീസും റെയ്ഡ് ചെയ്യുകയും 2021ൽ ചന്ദയെ അറസ്റ്റ് ചെയുകയും ചെയ്തു. തനിക്കെതിരെ വന്ന ആരോപം തെറ്റാണ് എന്നായിരുന്നു ചന്ദയുടെ വാദം.