പോപുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെ സംസ്ഥാനത്ത് പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ ഹൈകോടതി കടുത്ത അതൃപ്തിപ്രകടിപ്പിച്ചു. സ്വത്തു കണ്ടുകെട്ടൽ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോടതി രൂക്ഷമായ വിമർശനം ഉയർത്തി. സ്വത്തു കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്നു സർക്കാർ ആവശ്യപ്പെട്ടതാണു കോടതിയെ ചൊടിപ്പിച്ചത്.
കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവത്തിൽ ഇത്തരം അലംഭാവം പാടില്ലെന്നു കോടതി പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതു നിസ്സാരമായി കണക്കാക്കാനാകില്ലെന്നു പറഞ്ഞ കോടതി, സ്വത്ത് കണ്ടെത്തൽ ഉൾപ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ അഡിഷനൽ ചീഫ് സെക്രട്ടറിയോടു കോടതിയിൽ ഹാജരാകാനും നിർദേശിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 23നു പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ ആക്രമണങ്ങളിൽ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം അരങ്ങേറിയത്. പോപ്പുലർ ഫ്രണ്ടിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും വസ്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിനോടു നേരത്തേയും ഹൈക്കോടതി നിർദേശിച്ചിരുന്നു.