ഹിമാചല്‍ പ്രദേശിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നടപടികൾ തുടങ്ങി. ഷിംലയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനില്‍ ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും. തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് ഭൂപേഷ് ബാഗേല്‍, ഇന്‍ചാര്‍ജ് രാജീവ് ശുക്ല, ഭൂപേന്ദ്ര സിംഗ് ഹൂഡ എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷിംലയിലെത്തും. മുകേഷ് അഗ്‌നിഹോത്രിയെ കൂടാതെ സുഖ്വീന്ദര്‍ സിംഗ് സുഖു, പ്രതിഭാ സിംഗ് എന്നിവരാണ് ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന മത്സരാര്‍ത്ഥികള്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്ങും യോഗത്തില്‍ പങ്കെടുക്കും. എല്ലാ എംഎല്‍എമാരുമായും കൂടിയാലോചിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുക.
അതെ സമയം ‘ഓപ്പറേഷന്‍ താമര’ ഭയമില്ലാതെയാണ് 40 കോണ്‍ഗ്രസ് എംഎല്‍എമാരും ഷിംലയിൽ യോഗം ചേരുന്നത്. എംഎല്‍എമാരെ ചണ്ഡീഗഡിലേക്ക് മാറ്റാന്‍ പാര്‍ട്ടി നേരത്തെ പദ്ധതിയിട്ടിരുന്നു. മൊഹാലിയില്‍ അവര്‍ക്ക് താമസിക്കാന്‍ ഒരു ഹോട്ടലും തയ്യാറാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി 40 സീറ്റ് നേടിയതോടെ പദ്ധതി മാറ്റി.