യു എ ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക കൂട്ടായ്മയായ ഓർമ സംഘടിപ്പിക്കുന്ന കേരളോത്സവം 2, 3 തീയ്യതികളിൽ ദുബായ് അൽ ഖിസൈസിലുള്ള ക്രെസെന്റ് സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മണി മുതൽ അരങ്ങേറും. 3 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള ടൂറിസം – പൊതുമരാമത്തു വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാവും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി, ദുബായിലെ സർക്കാർ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
കേരളീയ കലാ പൈതൃകത്തെയും സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെയും വിളിച്ചറിയിക്കുന്ന കേരളോത്സവത്തിൽ ഗായിക പ്രസീത ചാലക്കുടി ആദ്യ ദിനവും, നാടൻപാട്ടു ബാന്റായ ‘കനലി’നൊപ്പം, ‘പാലാപ്പള്ളി’ പാട്ടിലൂടെ ശ്രദ്ധ നേടിയ അതുൽ നറുകര രണ്ടാം ദിനവും പങ്കെടുക്കും. 70ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി – പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവയും ഉണ്ടാകും. നാടൻ കലാരൂപങ്ങളും, വിവിധ സ്റ്റാളുകൾ, ഭക്ഷണ ശാലകൾ, തുടങ്ങി മലയാളത്തിന്റെ തനിമയെയും സംസ്കൃതിയും ഉൾക്കൊള്ളുന്ന കേരളോത്സവം വ്യത്യസ്ത അനുഭവമാക്കി മാറ്റുന്നതിനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
കൂടാതെ എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, കവിത ആലാപനങ്ങൾ , പ്രശ്നോത്തരികൾ, പുസ്തകശാല, കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര – പുരാവസ്തു പ്രദർശനങ്ങളും നടക്കും. പുതുതായി മലയാളം മിഷനിൽ ചേരാനാഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രെജിസ്ട്രേഷൻ സൗകര്യവും ഉത്സവപ്പറമ്പിൽ ഒരുക്കുമെന്നു സംഘാടകർ അറിയിച്ചു. പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, KSFE തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉത്സവപ്പറമ്പിൽ ഒരുക്കും.കേരളോത്സവത്തിന് പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായ ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, സജീവൻ കെ. വി, റിയാസ്. സി. കെ, അനീഷ് മണ്ണാർക്കാട് എന്നിവരും, ലുലു എക്സ്ചേഞ്ച്, മലബാർ ഗോൾഡ് & ഡയമണ്ട്സ് പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു