മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത് നിലവിൽ താമസിക്കുന്ന സ്ഥലത്തിനല്ലെന്ന് റവന്യൂ വകുപ്പ്. മൂന്നാർ ഇക്കാനഗറിൽ എസ് രാജേന്ദ്രൻറെയും ഭാര്യ ലത രാജേന്ദ്രൻറെയും പേരിലുള്ള ഒൻപത് സെൻറ് ഭൂമിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ടാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/A സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ കൈവശം വച്ചിരിക്കുന്ന സ്ഥലം സർവ്വേ നമ്പർ 912 ൽ പെട്ടതാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. വാടകക്ക് നൽകിയിരിക്കുന്ന വീടിരിക്കുന്ന സ്ഥലത്തിനാണ് രണ്ടു നോട്ടീസും റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്.
എന്നാൽ നിലവിൽ താമസിക്കുന്ന വീടിനാണ് നോട്ടീസ് നൽകിയതെന്ന നിലപാടിൽ രാജേന്ദ്രൻ ഉറച്ചു നിൽക്കുകയാണ്. കെഎസ്ഇബിയുടെ ഭൂമിയിൽ നിർമിച്ച വീടിനാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. ഈ വീട് രാജേന്ദ്രൻ മറ്റുചിലർക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. താനും ഭാര്യയും താമസിക്കുന്ന വീട്ടിൽ നിന്ന് കുടിയിറക്കുകയാണെന്നുംതനിക്ക് വേറെ വീടൊന്നുമില്ലെന്നുമാണ് രാജേന്ദ്രൻ പറയുന്നത്.