നേതാക്കളുടെ വിദേശയാത്രയ്ക്ക് മുൻകൂർ അനുമതി വേണമെന്നതുസംബന്ധിച്ച് പുതുക്കിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കി. ഇതനുസരിച്ച് സർക്കാർ ജീവനക്കാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, ജഡ്ജിമാർ തുടങ്ങിയവർ വിദേശ ആതിഥേയത്വം സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ ഓൺലൈൻ അനുമതി നിർബന്ധമാക്കി. . യാത്രയ്ക്ക് 2 ആഴ്ചയ്ക്കു മുൻപെങ്കിലും അപേക്ഷ നൽകണം. പണമായോ അല്ലാതെയോ വിദേശ സ്രോതസ്സുകൾ വിമാനടിക്കറ്റ്, താമസം, യാത്ര, ചികിത്സ തുടങ്ങിയവ വഹിക്കുന്നതിനെ വിദേശ ആതിഥേയത്വമായി കണക്കാക്കും.
സർക്കാർ ജീവനക്കാരെങ്കിൽ മാതൃവകുപ്പിന്റെയോ മന്ത്രാലയത്തിന്റെയോ ശുപാർശയും സമർപ്പിക്കണം.
യുഎൻ, ലോകബാങ്ക്, ഐഎംഎഫ് അടക്കമുള്ളവയെ വിദേശ സ്രോതസ്സുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
എന്നാൽ വിദേശയാത്രയ്ക്കിടെ അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ മുൻകൂർ അനുമതി ആവശ്യമില്ല. എന്നാൽ, ചികിത്സച്ചെലവ് ഒരു ലക്ഷത്തിനു മുകളിലെങ്കിൽ ഒരു മാസത്തിനകം വിശദാംശങ്ങൾ കേന്ദ്രത്തെ അറിയിക്കണം.
യാത്രയുടെ പൂർണ ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കുമ്പോഴും സ്വന്തം ചെലവിൽ പോകുമ്പോഴും മുൻകൂർ അനുമതി ആവശ്യമില്ല. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്റെ ആതിഥേയത്വം സ്വീകരിക്കുന്നതിനും അനുമതി വേണ്ട.