മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫുട്ബോൾ ലോകകപ്പിന് വേദിയാവുകയാണ് ഖത്തർ.
ദോഹയുടെ ഹൃദയഭൂമിയിൽ നിന്ന് 60 കിലോമീറ്ററോളം അകലെ അൽ ഖോറിലെ അൽ ബൈത്ത് സ്‌റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാകും. രാത്രി 9.30ന് ഗ്രൂപ്പ് എയിൽ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നാണ് ഉദ്ഘാടനച്ചടങ്ങിൽ ഒരുക്കുന്നത്
വിവിധ രാജ്യക്കാരായ കലാകാരന്മാരുടെ പ്രകടനങ്ങളോടെയാണ് ദോഹ മെട്രോയിലും ബസിലും കാറിലുമെല്ലാം എത്തുന്ന ആരാധകരെ സ്‌റ്റേഡിയത്തിലേക്കു സ്വീകരിക്കുക. ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്റിൽ 12 ലക്ഷത്തിലധികം ആരാധകരെത്തുമെന്നാണു പ്രതീക്ഷ. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും 8 മത്സരവേദികളുടെ ചുറ്റുമായും വിനോദപരിപാടികൾ ഉണ്ടാകും. ഫാൻ സോണുകൾക്ക് പുറമേ, രാജ്യത്തുടനീളമായുള്ള 21 പ്രദേശങ്ങളിലായി സാംസ്കാരിക പരിപാടികൾ നടക്കും. കത്താറ, സൂഖ് വാഖിഫ്, മിഷെറീബ് ഡൗൺടൗൺ ദോഹ എന്നിവിടങ്ങളിലും ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.
സംഗീത പരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, തെരുവുകളിലെ പ്രകടനങ്ങൾ തുടങ്ങിയവയൊക്കെ കാഴ്ചവിരുന്നിന്റെ ഭാഗമാണ്. സ്‌റ്റേഡിയത്തിനു ചുറ്റുമുള്ള വിശാലമായ പാർക്കിലും ആരാധകർക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. ഭക്ഷണ, പാനീയ ശാലകളും എല്ലാം തയ്യാറായിക്കഴിഞ്ഞു. 60,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ആരാധകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.