നവംബർ രണ്ടിന് ആരംഭിച്ച 41-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് അവസാനിക്കാനിരിക്കെ വലിയ ജനത്തിരക്കാണ് പുസ്തക നഗരിയിൽ അനുഭവപ്പെട്ടത്. 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. മലയാളത്തിൽ നിന്നും നിരവധി പ്രസാധകർ മേളക്ക് എത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് മിക്ക പ്രസാധകരും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 10 വർഷമായി ചിന്ത പബ്ലിക്കേഷൻസ് ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ടെന്നും, ചിന്തയുടേതായ 3 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മാസ് പ്രധിനിധി വാഹിദ് നാട്ടിക പറഞ്ഞു. കൂടാതെ കഴിഞ്ഞ ഒരു വർഷമായി ചിന്ത പ്രകാശനം ചെയ്തിട്ടുള്ള നൂറോളം ടൈറ്റിലുകൾ സ്റ്റാളിൽ എത്തിച്ചിട്ടുണ്ടെന്നും, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നല്ല പ്രതികരണമാണ് മലയാളി വായനക്കാരിൽ നിന്നും ലഭിച്ചിട്ടുള്ളതെന്നും വാഹിദ് നാട്ടിക കൂട്ടിച്ചേർത്തു. എൺപത്തിനായിരത്തോളം പുസ്തകങ്ങൾ എത്തിച്ചിട്ടുണ്ടെന്നും, മുപ്പത് ശതമാനം കിഴിവോടുകൂടി നല്ല രീതിയിൽ പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
പുസ്തകമേളക്ക് ആളുകൾ കൂടുതലായി എത്തിച്ചേരുന്നുണ്ടെന്ന് സൈകതം പുബ്ലിക്കേഷനിലെ സംഗീത ജസിന് പറഞ്ഞു. സൈകതം ഈ വർഷം ഒൻപത് പുസ്തകം പ്രകാശനം ചെയ്യുന്നുണ്ടെന്നും അറുനൂറോളം ടൈറ്റിലുകൾ ചെയ്തതിൽ ഒട്ടുമിക്കവയും മേളക്ക് എത്തിച്ചിട്ടുണ്ടെന്നും സംഗീത ജസിന് പറഞ്ഞു. വരുംതലമുറ ഡിജിറ്റൽ വായനയോട് താല്പര്യം ഉള്ളവരാണ് എന്നും കുട്ടികൾ ഉൾപ്പെടെ എല്ലാവരും എത്തുന്നുണ്ടെങ്കിലും മുതിർന്നവരാണ് കൂടുതായി പുസ്തകങ്ങൾ വാങ്ങുന്നതെന്നും നാട്ടിൽ നിന്ന് പുസ്തകമേളയിൽ എത്തിയ സംഗീത ജസിന് പറഞ്ഞു. കോവിഡ് കാലം ഒഴിച്ചാൽ കഴിഞ്ഞ 6 വർഷമായി ഷാർജ പുസ്തകമേളക്ക് എത്തുന്നുണ്ടെന്നും, നാട്ടിൽ നിന്ന് കൂടുതൽ സാഹിത്യകാരന്മാർ എത്തുന്നതിനാൽ അവരുടെ പുസ്തകങ്ങൾ അന്വേഷിച്ച് എത്തുന്നവർ ഉണ്ടെന്നും സംഗീത കൂട്ടിച്ചേർത്തു
ഷാർജ പുസ്തകമേളയിൽ പങ്കെടുക്കാൻ ധാരാളം ആളുകൾ എത്തിയതായും ഇത്തവണ നല്ല പ്രതികരണം ഉണ്ടാവുന്നുണ്ടെന്നും പ്രഭാത് ബുക്ക്സ് ഇൻചാര്ജും യുവകലാ സാഹിതി യു എ ഇ രക്ഷാധികാരിയുമായ പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ 6 വർഷമായി മേളയുടെ ഭാഗമാവുന്നുണ്ട്, ഏറ്റവും വലിയ പുസ്ടകമേളയുടെ ഭാഗമാവുന്നതിൽ സന്തോഷം ഉണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. ഇക്കുറി പ്രഭാത് ബുക്ക്സ് പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തുന്നതിനാൽ പുതിയ വായനക്കർ തേടിയെത്തുന്നു ണ്ടെന്നും ധാരാളം പുരോഗമന പുസ്തകങ്ങൾ വായിക്കാൻ പ്രായഭേദമന്യേ ആളുകൾ എത്തുന്നതിൽ സന്തോഷമുണ്ടെന്നും പ്രശാന്ത് പറഞ്ഞു