ഇക്വിറ്റോറിയൽ ഗിനിയിൽ തടഞ്ഞുവച്ച ക്രൂഡ് ഓയിൽ ടാങ്കർ എംടി ഹീറോയിക് ഇഡുനിലെ പകുതി ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറിയതായി റിപ്പോർട്ട്. എന്നാൽ, കപ്പൽ നൈജീരിയയിലേക്ക് പുറപ്പെടുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. തടഞ്ഞുവച്ച കപ്പലിലുള്ള ബാക്കിയുള്ളവരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു. ഈ കപ്പലിലേക്ക് നൈജീരിയൻ സേന കയറുന്നത് ഗിനി സൈന്യം തടഞ്ഞു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ മറ്റൊരു കപ്പലിൽ ഇവിടേക്ക് എത്തുന്നുണ്ട്. ഇവരുടെ സാന്നിധ്യത്തിൽ നൈജീരിയൻ സേന കയറിയാൽ മതിയെന്നാണ് ഗിനി സൈന്യത്തിന്റെ നിലപാട്. ഗിനി സൈന്യത്തിന്റെ തടവിലുണ്ടായിരുന്ന മലയാളി വിജിത്ത് അടക്കമുള്ള 15 പേരെ ഇന്ന് പുലർച്ച 2.30നാണ് നൈജീരിയൻ നേവി കപ്പലിലേക്ക് മാറ്റിയത്. ഓഗസ്റ്റ് 8 നൈജീരിയൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്പോ ഓഫ്ഷോർ ക്രൂഡ് ഓയിൽ ടെർമിനലിൽ എണ്ണ നിറയ്ക്കാനെത്തിയ കപ്പലിനെ ഗിനിയുടെ നാവികസേന തടഞ്ഞുവയ്ക്കുകയായിരുന്നു. 16 ഇന്ത്യക്കാർ ഉൾപ്പെടെ 26 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതിൽ 3 പേർ മലയാളികളാണ്.