വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ നടക്കും. നാളെ രാത്രി എട്ടിനാണ് പ്രഖ്യാപനം. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ (കെജിഎഫ്) നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം. സിനിമയുടെ ടെസ്റ്റ് ഷൂട്ട് ഇതിനകം ആരംഭിച്ചിട്ടുണ്ട്. 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ മുന്നില്‍ക്കണ്ട് ഉള്ളതായിരിക്കും. ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്. കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലേക്ക് ഉയര്‍ത്തിയ കെജിഎഫ് പശ്ചാത്തലമാക്കിയ അതേ ഇടം. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രമാണിത്. 2021 ഡിസംബറിലാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. വലിയ സ്കെയിലില്‍ ഒരുങ്ങുന്ന ചിത്രം പിരീഡ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞത്. തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എസ് എസ് മൂർത്തിയാണ് കലാ സംവിധായകൻ.