ഫ്രഞ്ച്, ബയേണ്‍ മ്യൂണിക്ക് താരം 39-കാരനായ ഫ്രാങ്ക് റിബറി പരിക്കിനെ തുടർന്ന് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. നിലവിൽ സീരി എ ടീമായ സാലര്‍നിറ്റാനക്ക് വേണ്ടി കളിക്കുന്ന റിബറി കാല്‍മുട്ടിന് പരിക്കേറ്റതിന് പിന്നാലെ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് താരം ഇന്ന് അവസാനമിട്ടത്.
താരം വിരമിക്കല്‍ പ്രഖ്യാപിച്ച്സോഷ്യല്‍ മീഡിയയില്‍ കുറിച്ചു- ‘പന്ത് നിലച്ചു… എന്നാൽ, എന്റെ ഉള്ളിലെ വികാരങ്ങൾ അവസാനിക്കുന്നില്ല. ഈ മഹത്തായ സാഹസികതയ്ക്ക് എല്ലാവർക്കും നന്ദി….’
2006 മുതൽ 2014 വരെ ഫ്രാൻസ് ദേശീയ ടീമിലും റിബറി കളിച്ചിട്ടുണ്ട്. 2006ൽ ലോകകപ്പ് ഫൈനലിലെത്തിയ ഫ്രഞ്ച് ടീമിനൊപ്പവും റിബറിയുണ്ടായിരുന്നു. 2014ൽ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുകയായിരുന്നു. 2007 മുതലുള്ള 12 വർഷങ്ങൾ നീണ്ട ബയേൺ മ്യൂണിക്കിലെ കളിക്കാലമാണ് റിബറിയെ ലോകപ്രശസ്തനാക്കിയത്. ജർമൻ ക്ലബ്ബിനെ ഏവരും ഭയക്കുന്ന ടീമാക്കി മാറ്റിയതിൽ അറ്റാക്കിങ് മിഡ്ഫീൽഡറായ റിബറിയുടെ പങ്ക് ചെറുതല്ല. ബയേണിനൊപ്പം താരം ചാമ്പ്യൻസ് ലീഗും ബുണ്ടസ് ലിഗയും നേടിയിരുന്നു. ജർമൻ കപ്പുകളും ജർമൻ സൂപ്പർ കപ്പുകളും യുവേഫ സൂപ്പർകപ്പും ക്ലബ് ലോകകപ്പ് കിരീടങ്ങളും റിബറി ബയേണിനൊപ്പം നേടിയിട്ടുണ്ട്. ഇക്കാലയളവിൽ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരവും ഫ്രഞ്ച് താരത്തെ തേടിയെത്തി. ബയേണിന് വേണ്ടി റിബറി 273 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. അതിൽ 86 ഗോളുകളും താരം അടിച്ചുകൂട്ടി.