പാകിസ്താനിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാനെ ‘അഴിമതി പ്രവർത്തനങ്ങളിൽ’ കുറ്റക്കാരനാണെന്ന് കണ്ടെത്തി പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമീഷൻ. മുൻ പ്രധാനമന്ത്രി വിദേശ പ്രമുഖരിൽനിന്ന് നൽകിയ സമ്മാനങ്ങൾ അനധികൃതമായി വിൽപന നടത്തിയെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വെളിപ്പെടുത്തിയില്ലെന്നും ആരോപിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് പാകിസ്ഥാൻ മുസ്‍ലിം ലീഗ് പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. നാലംഗ ബെഞ്ചിന്റേതാണ് വിധി. ഇംറാൻ അധികാരത്തിലിരിക്കെ അറബ് രാഷ്ട്രങ്ങളിൽ സന്ദർശിച്ചപ്പോൾ ലഭിച്ച വിലയേറിയ സമ്മാനങ്ങൾ ടോഷഖാനയിൽ അടച്ചു. പിന്നീട് ഇവിടെനിന്ന് കുറഞ്ഞ വിലക്ക് വാങ്ങി വൻ ലാഭത്തിൽ മറിച്ചുവിറ്റുവെന്നാണ് ആരോപണം.
വിധി തള്ളിയ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി ഇസ്‍ലാമാബാദ് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് അറിയിച്ചു. ജനങ്ങളോട് പ്രതിഷേധവുമായി തെരുവിലിറങ്ങാനും ആഹ്വാനം ചെയ്തിട്ടുണ്ട്.