വാഷിംഗ്ടൺ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്ത് കഴിഞ്ഞാല്‍ ട്വിറ്ററിന്റെ ഭൂരിഭാഗം തൊഴിലാളികളെയും പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ദി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. കമ്പനിയുടെ ഉടമസ്ഥതാതർക്കം പ്രശ്നമല്ലെന്നും വരുംമാസങ്ങളിൽതന്നെ പിരിച്ചുവിടൽ ആരംഭിക്കുമെന്നുമാണ് സൂചന. ട്വിറ്ററിന്റെ 75 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് ഇലോണ്‍ മസ്കിന്റെ പദ്ധതി. കമ്പനിയിൽ 75 ശതമാനം ആളുകളെ വെട്ടി കുറച്ചാൽ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരും. ഇത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ ട്വിറ്ററിന്റെ ജോലിക്കാരുടെ എണ്ണത്തിൽ ഇത്രയും വലിയ കുറവ് വരുന്നത് കമ്പനിയെ തളർത്തുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ട്വിറ്ററിൽ വളരെ സജീവമായ ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്. 2022 ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ട്വിറ്ററിൽ വലിയ രീതിയിലുള്ള ഉടച്ചുവാർക്കൽ നടത്തുമെന്ന് പിന്നീട് മസ്ക് പറഞ്ഞിരുന്നു. 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോണ്‍ മസ്കും ട്വിറ്ററും തമ്മിൽ ധാരണയായിരുന്നുവെങ്കിലും വ്യാജ അക്കൗണ്ടുകൾ കുറിച്ചുള്ള വിവരങ്ങൾ നൽകാത്തതിനാൽ മസ്‌ക് കരാറിൽ നിന്നും പിന്മാറുകയായിരുന്നു. കരാർ ലംഘിച്ചതിനെ തുടർന്ന് ട്വിറ്റർ ഇലോൺ മസ്കിനെതിരെ നിയമ പോരാട്ടവും ആരംഭിച്ചു.
കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ച് ഏറ്റെടുക്കലിൽനിന്നു മസ്ക് പിന്മാറുന്നതിനിടെയാണ് ഉടമകൾ ഇടപാട് അംഗീകരിച്ചത്. 3.67 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ) മസ്ക് കരാർ ഒപ്പുവച്ചത്. എന്നാൽ ഈ കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ പ്രഖ്യാപിച്ചു. എന്നാൽ ഓഹരിയുടമകളുടെ അംഗീകാരം ട്വിറ്ററിന് നിയമപോരാട്ടവുമായി മുന്നോട്ടുപോകാൻ സഹായകമായി.