യുക്രൈൻ യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണവുമായി റഷ്യ. യുക്രൈനിൽ റഷ്യ വർഷിച്ചത് 84 ക്രൂയിസ് മിസൈലുകൾ. ആക്രമണങ്ങളിൽ 14 പേർ മരിച്ചു. തലസ്ഥാനമായ കൈവിലെ തിരക്കേറിയ നഗരങ്ങളിലും പാർക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മിസൈലുകൾ പതിച്ചു. ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിൽ യുക്രൈനെ കുറ്റപ്പെടുത്തിയ റഷ്യ വൻ തിരിച്ചടിയാണ് ആരംഭിച്ചിരിക്കുന്നത്. ജനങ്ങളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ ആക്രമണമെന്ന് യുക്രേനിയൻ പ്രസിഡന്റ് വൊളേഡിമർ സെലെൻസ്കി പറഞ്ഞു. രാജ്യത്തെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കാൻ ശ്രമിക്കുകയാണെന്നും സെലൻസ്കി പ്രതികരിച്ചു. പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ, മധ്യ യുക്രൈനിലെ ഡിനിപ്രോ, ക്രെമെൻചുക്ക്, തെക്ക് സപോരിജിയ, കിഴക്ക് ഖാർകിവ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പലയിടത്തും വൈദ്യുതിയില്ല.
മൂന്ന് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്. റഷ്യയെ ക്രീമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തതിന് പിന്നാലെയായിരുന്നു റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയത്.
അതേസമയം യുക്രൈന് വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തു. ബൈഡൻ യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി സംസാരിച്ചെന്നും നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പടെ യുക്രൈന് നൽകുന്നത് തുടരുമെന്ന് ഉറപ്പു നൽകിയതായും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.