ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലമേലാപ്പ് അണിയിച്ച് നീലക്കുറിഞ്ഞി വസന്തം
വരവായി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളായ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. കാലാവസ്ഥ മാറിയതോടെ നീലപ്പട്ട് അണിഞ്ഞു ശീതകാലത്തെ വരവേൽക്കുകയാണ് ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകൾ ഇപ്പോൾ.
കാലാവസ്ഥ കൊണ്ടും പ്രകൃതിസൗന്ദര്യം കൊണ്ടും മഞ്ഞുപൊതിയുന്ന മലനിരകളും ഏലക്കാടുകളും എല്ലാംകൊണ്ടും സഞ്ചാരികൾ ഇഷ്ടപ്പെടുന്ന പ്രദേശം ആണ് ശാന്തൻപാറ. ശാന്തൻപാറയിൽ നിന്ന് മൂന്നാർ – തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ ആണ് നീലപ്പട്ടിന്റെ കാഴ്ചവിസ്മയത്തിലേക്ക് എത്തുക. നിരവധി സന്ദർശകരാണ് കള്ളിപ്പാറയിലേക്ക് എത്തുന്നത്.